Wednesday, February 26, 2014

വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതു നിരീക്ഷിക്കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം സാമൂഹ്യനീതിവകുപ്പുമന്ത്രി ഡോ. എം.കെ. മുനീര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. നിരീക്ഷണ എന്നാണ് ഈ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കിടയില്‍ സുരക്ഷിതബോധം ഉണ്ടാക്കാന്‍ കുറഞ്ഞ കാലത്തെ പ്രവര്‍ത്തനം കൊണ്ട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനു കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍, സ്‌കൂളുകളില്‍നിന്ന് കൊഴിഞ്ഞു പോകുന്നവര്‍ എന്നിവരുടെ പ്രശ്‌നങ്ങളിലും ശൈശവവിവാഹങ്ങള്‍ അവസാനിപ്പിക്കുന്നതിലും കമ്മീഷന്റെ ഇടപെടല്‍ അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസാവകാശനിയമത്തെ നേരിട്ടു ബാധിക്കുന്ന കാര്യമായതിനാല്‍ ശൈശവവിവാഹങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ കൂടി പുതിയ നിരീക്ഷണസംവിധാനത്തിന്‍കീഴില്‍ വരണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പഞ്ചായത്തുകള്‍ നടത്തുന്ന ബഡ്‌സ് സ്‌കൂളുകള്‍ക്ക്(buds schools) അവിടെ പഠിക്കുന്ന കുട്ടികളുടെ എണ്ണം നോക്കാതെതന്നെ എയ്ഡഡ് പദവി നല്‍കണമെന്ന് അദ്ദേഹം വിദ്യാഭ്യാസവകുപ്പിനോട് അഭ്യര്‍ഥിച്ചു. ബാലാവകാശസംരക്ഷണ കമ്മീഷന്‍ അധ്യക്ഷ നീലാ ഗംഗാധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുവിദ്യാഭ്യാസവകുപ്പു സെക്രട്ടറി എ. ഷാജഹാന്‍ ആശംസ അര്‍പ്പിച്ചു. കമ്മീഷന്‍ അംഗങ്ങളായ മീന.സി.യു സ്വാഗതവും ഫാദര്‍ ഫിലിപ്പ് പാറക്കാട്ട് നന്ദിയും പറഞ്ഞു. കമ്മീഷന്റെ വെബ്‌സൈറ്റായ .keswwwcpcr.kerala.gov.in സന്ദര്‍ശിച്ച് കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാഭ്യാസാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരാം. Dt.26/2/2014

No comments:

Post a Comment

how do you feel?